കൊല്ലം: സംസ്ഥാനത്ത് വ്യാജ രേഖകളുമായി താമസിച്ചുവന്ന 10 ബംഗ്ലാദേശികൾ പിടിയിലായി. കൊട്ടാരക്കരയിൽ നിന്നാണ് വ്യാജ രേഖകളുമായി താമസിച്ചുവന്ന അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളും മൂന്നു കുട്ടികളും അടങ്ങുന്ന സംഘത്തെ പിടികൂടിയത്.
എംസി റോഡിൽ കൊട്ടാരക്കര ലോവർ കരിക്കത്ത് ആക്രിക്കടയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്ത് താമസിക്കുകയായിരുന്നു സംഘം. മിലിട്ടറി ഇന്റലിജൻസ്, എടിഎസ്, കേരള പോലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പിടിയിലായവരുടെ യഥാർഥ പേര് വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല. ചവറയിൽ താമസിച്ചിരുന്ന സംഘം ഒരു മാസം മുൻപ് കൊട്ടാരക്കരയിലേക്ക് എത്തുകയായിരുന്നു. 12 വർഷമായി സംസ്ഥാനത്ത് താമസിക്കുന്ന ബംഗ്ലാദേശുകാരി മംമ്താസാണ് ബാക്കി ഒൻപത് പേരെയും കൊട്ടാരക്കരയിലെത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഇവരുടെ പക്കൽ ആധാർ ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടായിരുന്നു. എന്നാൽ രേഖകളെല്ലാം തന്നെ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.